News

സെല്ലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപനം; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

By webdesk17

December 24, 2025

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാതിരുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ലഹരി കേസില്‍ അറസ്റ്റിലായ തന്‍സീറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.

തുടര്‍ന്ന് ചോദ്യം ചെയ്യാനെത്തിയ സഹ ഉദ്യോഗസ്ഥന്‍ ബിനു നാരായണന്റെയും കൈ തിരിച്ച് ഒടിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തന്‍സീറിനെ പിടിച്ചുമാറ്റി. ഇയാളെ നിയന്ത്രണവിധേയനാക്കിയതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. തന്‍സീറിനെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി കേസിലാണ് ഇയാള്‍ നിലവില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.