Connect with us

Video Stories

പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും എസ്.എസ്.എല്‍.സി ഫലവും

Published

on

പി. ഹരിഗോവിന്ദന്‍

‘പഠനം പാല്‍പ്പായസം’ എന്ന പൊലെ മനോഹരമായ പ്രഖ്യാപനമാണ്. ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.’ കേരളത്തിന്റെ വളര്‍ച്ചക്ക് നിദാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല തന്നെയാണ്. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ-നാട്ടാരുടെ സ്വത്താണ്. ആയത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്തത് ആരാണ് എന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. അന്ധമായ രാഷ്ട്രീയ വിരോധത്തിനായി പ്രീപ്രൈമറി വിദ്യാലയങ്ങള്‍ വരെ സ്തംഭിപ്പിച്ച് സമരത്തിന് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ പ്രേമികളെ നമുക്ക് ഓര്‍മ്മയുണ്ടാകണം. തങ്ങളുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി വിദ്യാഭ്യാസ മേഖലയെ സമരങ്ങളുടെ പരമ്പരകളിലേക്ക് തള്ളിവിട്ട കാലഘട്ടം. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളില്‍ സൈ്വരമായി പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയ നാളുകള്‍. തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി പഠനം നടത്താനുള്ള ആലയങ്ങള്‍ തേടിയാല്‍ രക്ഷിതാക്കളെ കുറ്റം പറയാനാവില്ല. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വിദ്യാര്‍ത്ഥി സമരങ്ങളാല്‍ വിദ്യാലയം വിട്ട് വീട്ടില്‍ തനിച്ചെത്തി. ജോലി കഴിഞ്ഞു വന്ന മാതാപിതാക്കളെ കാത്ത് ഒറ്റക്കിരിക്കുന്ന അവസ്ഥ വിശിഷ്യാ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഭീതിയുണ്ടാകുന്നത് തന്നെയായിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതുമായ നിരവധി വിദ്യാലയങ്ങള്‍ കൂണ് പോലെ കേരളത്തില്‍ മുളച്ചുപൊന്തിയത്, ഇവക്കൊക്കെത്തന്നെ അംഗീകാരം നല്‍കാന്‍ കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി 41 വിദ്യാലയങ്ങള്‍ അണ്‍ എയ്ഡഡ് മേഖലയില്‍ അനുവദിച്ച മുന്‍ സര്‍ക്കാറിനെ എതിര്‍ക്കാന്‍ അക്കാലത്ത് ഒരു ഇടതു സംഘടനയും മുന്നോട്ടു വന്നു കണ്ടിട്ടില്ല. മറിച്ച് ഭരിക്കുന്ന സര്‍ക്കാറിന്റെ നിറം നോക്കാതെ പ്രതികരിച്ച അധ്യാപക പ്രസ്ഥാനം കെ.പി.എസ്.ടി.എയും വിദ്യാര്‍ത്ഥി പ്രസ്ഥാനം കെ.എസ്.യുവുമാണ് എന്നത് പൊതുസമൂഹം ഓര്‍ക്കും എന്നതില്‍ സംശയമില്ല.
പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ ആയിരക്കണക്കിന് അധ്യാപക തസ്തികകളുടെ അംഗീകാരമാണ് അധ്യാപക പാക്കേജ് വഴി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തിലേറി 100 ദിനം തികക്കുന്നതിനു മുമ്പു തന്നെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രം എസ്.എസ്.എ വഴി ലഭിച്ചിരുന്ന സൗജന്യ യൂണിഫോം വിതരണം സംസ്ഥാന സര്‍ക്കാര്‍ 80 കോടിയോളം രൂപ ചെലവഴിച്ച് പൊതുവിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും (എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിതരണം ചെയ്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പൊതുവിദ്യാലയങ്ങളോടുള്ള താല്‍പര്യമാണ് കാണിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്ന ടേര്‍മിനല്‍ പരീക്ഷകള്‍ (ഓണം, ക്രിസ്തുമസ് പരീക്ഷകള്‍) പുന:സ്ഥാപിച്ചുകൊണ്ടാണ് പി.കെ അബ്ദുറബ്ബ് എന്ന വിദ്യാഭ്യാസ മന്ത്രി അക്കാദമീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയത് എന്നത് വിസ്മരിക്കാനാകില്ല.
വിവാദങ്ങളുടെ വിളനിലമായിരുന്ന പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്‌ക്കരിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു മുതല്‍ പ്ലസ് ടു വരെയുള്ള മുഴുവന്‍ പാഠപുസ്തകം ഘട്ടംഘട്ടമായി വിവാദങ്ങള്‍ക്ക് വഴിവെക്കാതെ പരിഷ്‌ക്കരിച്ചു. ഏകപക്ഷീയമായല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്ന് പാഠപുസ്തക നിര്‍മാണത്തിലും മറ്റും പങ്കെടുത്ത അധ്യാപകരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. പാഠപുസ്തക അച്ചടിയില്‍ ശ്രദ്ധിച്ചുകൊണ്ട് 2013-14 അധ്യയന വര്‍ഷം മാര്‍ച്ച് മാസത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ളത് വിദ്യാലയത്തില്‍ എത്തിച്ചു. പാഠപുസ്തകം വിദ്യാര്‍ത്ഥികളെ കാത്തിരുന്ന അവസ്ഥയാണ് അക്കാലത്തുണ്ടായത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടുത്ത അധ്യയന വര്‍ഷത്തില്‍ അട്ടിമറിയുണ്ടാക്കി എന്നതൊഴിച്ചാല്‍ പാഠപുസ്തക വിതരണം യു.ഡി.എഫ് സര്‍ക്കാര്‍ കാര്യക്ഷമമാക്കിയില്ല എന്ന് പറയാന്‍ കഴിയില്ല.
ഇടതുഭരണത്തിലെ അധ്യാപകരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അനോമലി പരിഷ്‌കരിച്ചുകൊണ്ട് അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പള വര്‍ധനവ് വിഷു കൈനീട്ടമായി നല്‍കിയത് മറക്കാന്‍ കഴിയുമോ. തുടര്‍ന്ന് ഒരു സമരം പോലും നടത്താതെ പത്താം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചതും മികച്ച ശമ്പളം ലഭിച്ചതും സംതൃപ്തമായ അധ്യാപക സമൂഹത്തിന് വേണ്ടിയായിരുന്നു. ഈ കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസങ്ങളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശന കണക്ക് പരിശോധിച്ചാല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ താല്‍പര്യം കാണിച്ചുതുടങ്ങിയത് കാണാന്‍ കഴിയും. പ്രൈമറി ക്ലാസുകളിലെ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയതും പ്രവേശനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണ് അധ്യാപകര്‍ക്ക് ഉണ്ടായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന ശമ്പളം പോലും തടയുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ക്ക് പ്രക്ഷോഭത്തിലേക്ക് തുടക്കത്തില്‍ തന്നെ നീങ്ങേണ്ടി വന്നു. ജൂണ്‍, ജൂലൈ മാസത്തെ ശമ്പളം പോലും ഇനിയും ലഭിച്ചിട്ടില്ല എന്നത് ഈ സര്‍ക്കാറിന്റെ അധ്യാപക നിലപാടിന്റെ സാക്ഷിപത്രമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലും കക്ഷിരാഷ്ട്രീയം ചെലുത്താനാണ് ശ്രമിച്ചത്. ‘വിദ്യാഭ്യാസം’-ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് ചങ്ങല പിടിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ‘മനുഷ്യചങ്ങല’ വക്താക്കളുടെ സങ്കുചിത ചിന്താഗതിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം കേട്ടാല്‍ ഇത്ര മനോഹരമായ ഭാഷണം വേറെ എവിടെ എന്നു തോന്നും. പ്രസംഗം മാത്രമേ നടക്കുന്നുള്ളു. പ്രവൃത്തി നേരെ വിപരീതമാണ്. വിദ്യാഭ്യാസ വകുപ്പ് ആരാണ് ഭരിക്കുന്നത് എന്ന് മനസ്സിലാകാത്ത സ്ഥിതിയാണ് പലപ്പോഴും അനുഭവപ്പെടുന്നത്. പൊതുവിദ്യാഭ്യാസ ഡയരക്ടറും മന്ത്രിയും പറയുന്നു സംരക്ഷണയജ്ഞം ചര്‍ച്ച ചെയ്യാന്‍ തന്റെ വിദ്യാലയത്തില്‍ ഇരുന്ന് സാധ്യതകള്‍, പരിമിതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കണമെന്ന്.
എന്നാല്‍ വകുപ്പിനെ നോക്കുകുത്തിയായി സമാന്തര ഏജന്‍സികള്‍ വേറെ പലതും നടത്തുന്നു. എസ്.എസ്.എ, ആര്‍.എം.എസ്.എ, എസ്.സി.ഇ.ആര്‍.റ്റി എന്നിവയെല്ലാം പുറത്ത് പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് വകുപ്പ് അധികൃതര്‍ക്കറിയില്ല. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാതൊരു പരിശീലനവും വേണ്ട എന്നാണ് ഗുണനിലവാരം ഉറപ്പാക്കാനുള്ള സമിതി എന്ന് വിശേഷിപ്പിക്കാവുന്ന ഡി.പി.ഐ അധ്യക്ഷനായ ക്യു.ഐ.പി കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് തുടങ്ങിയ പരീക്ഷാമാസങ്ങളില്‍ 18 ലധികം അധ്യയന ദിവസങ്ങളാണ് എസ്.എസ്.എയുടെ വിവിധ പരിപാടികള്‍ക്കായി നീക്കിവെച്ചത്. അതില്‍ പലതിനെക്കുറിച്ചും എ.ഇ.ഒ, ഡി.ഇ.ഒ, ഡി.പി.ഐ എന്നിവര്‍ക്കറിയുമോ എന്നന്വേഷിച്ചപ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ള ഏജന്‍സികള്‍ വകുപ്പിനെ ഹൈജാക്ക് ചെയ്യുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. എസ്.എസ്.എയുടെ നേതൃത്വത്തില്‍ നടന്നുവെന്നു പറയുന്ന വീ കാന്‍, അമ്മ അറിയാന്‍, ഇംഗ്ലീഷ് ഫെസ്റ്റ്, ഒരുക്കം, വളകിലുക്കം, ചരിത്ര പഠനയാത്ര, പ്രകൃതി പാചകം, മിച്ച ബഡ്ജറ്റ്, കൗണ്‍സിലിംഗ്, ജ്വാല സഹവാസ ക്യാമ്പ്, വിവര സാങ്കേതിക വിദ്യാപരിശീലനം, കോര്‍ണര്‍ പി.ടി.എ, മദ്രസ അധ്യാപക പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, കരോട്ടേ പരിശീലനം, സംരക്ഷണ യജ്ഞം-പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, മാതൃസംഗമം, മികവുത്സവം സ്‌കൂള്‍തലം, പഞ്ചായത്ത്തലം, മണ്ഡലതലം, ജില്ലാതലം, ജൈവവേലി, ബാലോത്സവം-വിവിധതലം (സംസ്ഥാനതലം ഉള്‍പ്പെടെ) സ്‌കൂള്‍ ഗ്രാന്റ് വിനിയോഗം, ഗണിതമേള (വിവിധ തലത്തില്‍), കുട്ടിക്കൂട്ടം, പെണ്‍വിദ്യാഭ്യാസം, മൈനോറിട്ടി വിദ്യാഭ്യാസം (പ്രവര്‍ത്തനങ്ങള്‍)…. എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ നടത്തുന്നു. എസ്.എസ്.എ, ആര്‍.എം.എസ്.എ എന്നിവ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു പദ്ധതി മാത്രമാണ്. ഇന്ന് പദ്ധതി മേധാവികളാണ് ഏകപക്ഷീയമായി വിദ്യാഭ്യാസ വകുപ്പിലെ പരിപാടികള്‍ തീരുമാനിക്കുന്നത് എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതു കൂടാതെയാണ് ഐ.ടി@സ്‌കൂള്‍, എസ്.സി.ഇ.ആര്‍.ടി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍. ഒന്നിനും ഒരു ഏകോപനവുമില്ല. എല്ലാവരും ഉറഞ്ഞുതുള്ളുകയാണ്. ആരാണ് ഇതിനെ ഏകോപിപ്പിക്കാന്‍ എന്ന് അറിയില്ല.
ഇതിനിടയിലാണ് സാക്ഷര കേരളത്തെ അപമാനിതരാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായത്. കേരളീയ സമൂഹം വളരെ ഗൗരവത്തോടെയാണ് ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയെ കാണുന്നത്. നാലര ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. എത്ര എത്ര മുന്നൊരുക്കങ്ങളാണ് കേരളത്തിലെ 3021 ഹൈസ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കായി നടത്തുന്നത്. ഇന്നലെ ഫലം പ്രഖ്യാപിച്ചുവെങ്കിലും ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന പരീക്ഷ തികഞ്ഞ ലാഘവത്തോടെയാണ് ഈ സര്‍ക്കാര്‍ സമീപിച്ചത്. മലയാളം, ഹിന്ദി ചോദ്യ കടലാസുകളില്‍ ഗുരുതരമായ തെറ്റോടുകൂടിയ ചോദ്യങ്ങള്‍. കണക്കു പരീക്ഷ ചോദ്യങ്ങളാണ് ഏറെ പ്രശ്‌നമുണ്ടാക്കിയത്. 50 മാര്‍ക്കിലധികം വരുന്ന ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍-ട്യൂഷന്‍ സെന്ററുകള്‍ നടത്തിയ പരീക്ഷയില്‍ നിന്ന് ഉള്ളവ. അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് ഈ ട്യൂഷന്‍ സെന്ററുമായി ബന്ധമുള്ളവരാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കിയത് എന്നാണ്. എസ്.സി.ഇ നിര്‍ദ്ദേശിക്കുന്നവരുടെ പാനലില്‍ നിന്നാണ് ഓരോ വിഷയത്തിനും പരീക്ഷ ബോര്‍ഡ് രൂപീകരിക്കുന്നത്. ബോര്‍ഡില്‍ ഒരു ചെയര്‍മാനും നാല് അംഗങ്ങളും ആണ് ഉണ്ടാകുക. ഈ അംഗങ്ങള്‍ രഹസ്യമായി ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി സീല്‍ ചെയ്ത് ചെയര്‍മാനെ ഏല്‍പ്പിക്കുകയാണ് പതിവ്. ചെയര്‍മാന്‍ തെരഞ്ഞെടുക്കുന്ന ചോദ്യപേപ്പറാണ് പൊതുപരീക്ഷക്ക് നല്‍കുക. ഇവിടെ ഗണിതത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തത് മലപ്പുറത്തെ ഒരു റിട്ട. എ.ഇ.ഒ ആയ വാസു മാസ്റ്ററെയാണെന്ന് പറയുന്നു. എന്താണ് ചെയര്‍മാനായിരിക്കാന്‍ ഇദ്ദേഹത്തിന് യോഗ്യത? ഭരണാനുകൂല സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്നതോ സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണത്തില്‍ ഗണിതപംക്തി കൈകാര്യം ചെയ്തിരുന്നു എന്നതോ? എന്താണെന്ന് വ്യക്തമല്ല. പക്ഷേ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എസ്.സി.ഇ.ആര്‍.ടിയില്‍ സ്ഥിരമായി ഗണിത പുസ്തക നിര്‍മ്മാണം, ഗണിതവുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ക്കായി നിയോഗിച്ചവരാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതികള്‍ എന്ന് പകല്‍പോലെ വ്യക്തമാണ്. ഇവര്‍ക്ക് ഗൈഡ്‌ലോബി, ട്യൂഷന്‍ സെന്റര്‍ ലോബിയുമായുള്ള ബന്ധങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന അധ്യാപക സംഘടനാ നേതാക്കളാണ് ഇവര്‍ എന്നത് തന്നെയാണ് കാരണം. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വിമാനങ്ങളിൽ പവർ ബാങ്ക് നിയന്ത്രണം കടുപ്പിച്ചു; കൈയ്യിലിരിക്കുന്ന ലഗേജിൽ മാത്രം അനുമതി

സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

ന്യൂഡൽഹി: യാത്രക്കിടെ ലിഥിയം ബാറ്ററികൾ ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിൽ ഡയർക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി പവർ ബാങ്കുകളും അധിക ബാറ്ററികളും കൈയ്യിലിരിക്കുന്ന (കാബിൻ) ലഗേജുകളിൽ മാത്രം കൊണ്ടുപോകാൻ അനുവദിക്കും. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് കത്തി തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലായിരുന്നു.

യാത്രക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാധാരണമായി ചൂടുപിടിക്കുക, പുക ഉയരുക, അല്ലെങ്കിൽ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ ഉടൻ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് ഡിജിസിഎ യാത്രക്കാരോട് നിർദേശിച്ചു.

നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതി. മുൻപ് എമിറേറ്റ്‌സ് എയർലൈൻസ് പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിംഗപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദേശങ്ങളെന്ന് ഡിജിസിഎ അറിയിച്ചു.

Continue Reading

Video Stories

ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറില്ലേ? എങ്കില്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ‘ഡോപ്പമിന്‍ ട്രാപ്പിന്റെ കെണിയിലാണ്

തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Published

on

പുതിയ കാലത്ത് ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാത്ത ആരും തന്നെയില്ല. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മനോഹരമായി എഡിറ്റ് ചെയ്ത, ചീസും മസാലകളും നിറഞ്ഞ ഒരു ഭക്ഷണ വീഡിയോ കണ്ടുനില്‍ക്കാത്തവര്‍ ചുരുക്കമാണ്. ചൂടുള്ള ദം ബിരിയാണിയോ, മന്തിയോ അല്ലെങ്കില്‍ ആവി പറക്കുന്ന ചായയോ കണ്ടാല്‍ പോലും കണ്ണുടക്കി ഇത്തിരി നേരമിരിക്കാറുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറുള്ളവരാണെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളൊരു കെണിയിലാണ്. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെയാണ് ശാസ്ത്രലോകം ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് വിളിക്കുന്നത്.

എന്താണ് ഈ ഡോപ്പമിന്‍ ട്രാപ്പ്?

നമ്മുടെ തലച്ചോറില്‍ സന്തോഷവും സംതൃപ്തിയും ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് ഡോപ്പമിന്‍. എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഡോപ്പമിന്‍ കൂടുതല്‍ പുറപ്പെടുവിക്കപ്പെടുന്നത്.

ഭക്ഷണ വീഡിയോകള്‍ കാണുമ്പോള്‍, ആ രുചി നാം അനുഭവിക്കാന്‍ പോകുന്നു എന്നൊരു മിഥ്യാധാരണ തലച്ചോറില്‍ ഉണ്ടാകുന്നു. ഈ പ്രതീക്ഷ ഡോപ്പമിന്‍ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് നല്‍കുന്ന താല്‍ക്കാലിക ആനന്ദം നിലനിര്‍ത്താന്‍ നാം വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണുകയും, വീഡിയോയില്‍ കണ്ട അതേ ആഹാരം (അത് എത്ര അനാരോഗ്യകരമാണെങ്കിലും) കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ചക്രവ്യൂഹത്തെയാണ് ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് പറയുന്നത്.

ഫുഡ് റീലുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും കണ്ണുകള്‍ കാണുന്ന കാഴ്ച വിശപ്പിന്റെ ഹോര്‍മോണായ ‘ഗ്രെലിന്‍’ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് അനാവശ്യമായ വിശപ്പിലേക്ക് നയിക്കുന്നു. കഠിനാധ്വാനം ചെയ്യാതെ തന്നെ തലച്ചോറിന് ലഭിക്കുന്ന ഈ ‘സന്തോഷം’ നമ്മളെ അലസരാക്കുന്നു. ഇത് ക്രമേണ യഥാര്‍ഥ ഭക്ഷണത്തേക്കാള്‍ ഇത്തരം വീഡിയോകളോടുള്ള അടിമത്തമായി മാറുന്നു. റീലുകളില്‍ കാണുന്ന ഭക്ഷണങ്ങള്‍ മിക്കവാറും അമിതമായി വറുത്തതോ മധുരമുള്ളതോ ആയിരിക്കും. ഡോപ്പമിന്‍ നല്‍കുന്ന ആവേശത്തില്‍ നാം ഇത്തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ അത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ബോധവത്കരണം: റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ആഗ്രഹം യഥാര്‍ഥ വിശപ്പല്ല, മറിച്ച് തലച്ചോറിലെ രാസമാറ്റമാണെന്ന് തിരിച്ചറിയുക.
ഫോണ്‍ ഉപയോഗം കുറക്കുക: ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന് തൊട്ടുമുന്‍പോ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തിന്റെ മണവും രുചിയും ആസ്വദിച്ച് സാവധാനം കഴിക്കുക. ഇത് ശരീരത്തിന് കൃത്യമായ സംതൃപ്തി നല്‍കും.
സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യല്‍ മീഡിയയിലെ കെണികള്‍ പല രൂപത്തില്‍ വരാം. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഈ ഡോപ്പമിന്‍ ട്രാപ്പ്. കണ്ണുകള്‍ കാണുന്നതെല്ലാം വയറിന് നല്ലതല്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ. കാഴ്ചയിലെ ആനന്ദത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം.

 

Continue Reading

Video Stories

സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ ക്കാര്‍ പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്‍കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

Continue Reading

Trending