സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജനെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വഴിയാണ് ഭീഷണി വന്നിരിക്കുന്നത്. ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു ചുവടെയാണ് വധഭീഷണിയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന പി ജയരാജന്‍ ഡിജിപി, കണ്ണൂര്‍ റെയിഞ്ച് ഐജി, കണ്ണൂര്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരായ ഫോട്ടോപ്രദര്‍ശനം നോക്കിക്കാണുന്ന ഫോട്ടോയുടെ ചുവടെയാണ് ഭീഷണി വാക്യം പ്രത്യക്ഷപ്പെട്ടത്.

ആര്‍എസ്എസ് അക്രമങ്ങളുടെ ഭീകരത തുറന്നു കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിപിഐഎം ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത് ഫോട്ടോകള്‍ കാണുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ, ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത കുറുക്കന്‍മാരാണ് ആര്‍എസ്എസ് എന്ന് വിഷയത്തില്‍ ജയരാജന്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വധഭീഷണി വന്നിരിക്കുന്നത്.

നേരത്തെയും ജയരാജന് വധഭീഷണി ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു മാസത്തിനകം ജയരാജനെ കൊലപ്പെടുത്തുമെന്ന് കാണിച്ച് കീപ്പര്‍ ഓഫ് ദി ഓര്‍ഡര്‍ എന്ന പേരില്‍ കണ്ണൂര്‍ ടൗണ്‍ സിഐക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. കണ്ണൂരിലെ ആക്രകമണങ്ങള്‍ക്കു പിന്നില്‍ ജയരാജനാണെന്നായിരുന്നു കത്തിലെ പ്രധാനപരാമര്‍ശം. ജയരാജന് നല്‍കുന്ന പൊലീസ് സുരക്ഷ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ പൊലീസുകാര്‍ക്ക് സുരക്ഷ പറ്റാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. ഓഗസ്തിലും ജയരാജന് ജീവന് ഭീഷണി വന്നിരുന്നു.