india

‘പഹല്‍ഗാം’ പരാമര്‍ശം; കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍

By webdesk17

May 04, 2025

സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമര്‍ശം കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ (കെ.ആര്‍.വി) പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യയാണ് പരാതി നല്‍കിയത്.

സോനു നിഗം നടത്തിയ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും കര്‍ണാടകയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ചാണ് പരാതി.

കന്നഡ ഗാനം പാടാന്‍ ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. പരിപാടിക്കിടെ കന്നഡയില്‍ പാടണമെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കര്‍ണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. സംഘാടകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.