india

പഹല്‍ഗാം ഭീകരാക്രമണം; രാജ്യത്ത് കനത്ത ജാഗ്രതാ; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

By webdesk18

April 24, 2025

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. അതേസമയം, പഹല്‍ഗാമില്‍ ഭീകര വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് നയതന്ത്ര തിരിച്ചടി നല്‍കി. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു. സാര്‍ക്ക് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം.

പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള സൈനിക അറ്റാഷെമാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55 നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു.1960-ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി.

ഇന്ത്യയുടെ തീരുമാനം പാകിസ്താന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും.സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് വിളിച്ചു.