india

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉമര്‍ അബ്ദുള്ള

By webdesk18

April 23, 2025

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മൃതദേഹങ്ങള്‍ മാന്യമായ രീതിയില്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഭീകരത ഒരിക്കലും ഞങ്ങളുടെ ദൃഢനിശ്ചയത്തെ തകര്‍ക്കില്ല. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാതെ ഞങ്ങള്‍ വിശ്രമിക്കില്ല. പഹല്‍ഗാമിലെ താഴ് വരയില്‍ നിന്ന് ഞങ്ങളുടെ അതിഥികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്”-ഉമര്‍ അബ്ദുള്ള പറഞ്ഞു.

അതേസമയം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേര്‍ ചികിത്സയിലാണ്.