kerala

പഹല്‍ഗാമിലുണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണം; അത് മതപരമാക്കാന്‍ ശ്രമിക്കരുത്; വി.ഡി. സതീശന്‍

By webdesk18

April 23, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിനെതിരായ കടന്നാക്രമണമാണെന്നും മതപരമാക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുമ്പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്” – വി.ഡി. സതീശന്‍ വ്യക്തമാക്കി.