kerala

‘ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനുമപ്പുറം’; ജെൻസന്റെ വിയോഗദുഃഖത്തിൽ മമ്മൂട്ടി

By webdesk14

September 12, 2024

ഓർക്കാപ്പുറത്ത് ഉറ്റവരെ നഷ്‌ടമായ ശ്രുതിയെ വിട്ട് പ്രതിശ്രുത വരൻ ജെൻസണും വിടവാങ്ങിയ വാർത്തയിലെ വിറങ്ങലിപ്പ് ഇനിയും മാറിയിട്ടില്ല മലയാളിക്ക്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും മറ്റു കുടുംബാംഗങ്ങളെയും കവർന്നപ്പോഴും, താലി ചാർത്താനായി കൈപിടിച്ച ജെൻസൺ ശ്രുതിക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസണും ശ്രുതിയെ വിട്ടകന്നു.

ഇരുവർക്കും പരിക്കേറ്റു എങ്കിലും, തലയ്‌ക്കേറ്റ ആഴത്തിലെ ക്ഷതമായിരുന്നു ജെൻസന്റെ മരണകാരണം. ബുധനാഴ്ച രാത്രിയോട് കൂടി ജെൻസൺ മരണത്തിനു കീഴടങ്ങി. ജെൻസനെ അവസാനമായി കാണാൻ, ശ്രുതി ആശുപത്രിയിൽ വന്നിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.

ജെൻസന്റെ വിയോഗത്തിൽ നടൻ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തുന്നു. ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.