india

‘ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ആളുകള്‍ കൊല്ലപ്പെട്ടേനെയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു’; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ്

By webdesk17

February 25, 2026

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഏകദേശം 3.5 കോടി ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം തന്നോട് സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.

തന്റെ ഭരണത്തിന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചെന്നും നിലവില്‍ ഒമ്പതാമത്തെ യുദ്ധമായ റഷ്യ-യുക്രൈന്‍ പോരാട്ടം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ തടയാന്‍ കഴിഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയതായും ട്രംപ് വെളിപ്പെടുത്തി.