കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് നാട്ടല്‍ മടങ്ങിയെത്തിയ പാക്കിസ്ഥാന്‍ ടീമിന് നേരിടേണ്ടി വന്നത് തുല്ല്യതയില്ലാത്ത അവഗണന. നാട്ടിലെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്‍ പി.സി.ബി അംഗങ്ങള്‍ എത്തിയില്ലെന്നു മാത്രമല്ല താരങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ പോലും ബോര്‍ഡ് തയ്യാറാക്കിയില്ല.

ലോകകപ്പ് കളിച്ച മറ്റ് രാജ്യത്തെ ടീമുകള്‍ക്കെല്ലാം അര്‍ഹിച്ച പരിഗണനയും സ്വീകരണവും നല്‍കുമ്പോഴാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സന മിറിയേയും സംഘത്തേയും ഇത്തരത്തില്‍ അപമാനിച്ചത്. രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത് ബൈക്കിലും ഓട്ടോ റിക്ഷയിലുമാണ്. പിതാവിനൊപ്പം ട്രിപ്പിള്‍ ഇരുന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന പാക് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിരിക്കുകയാണ്. അതേ സമയം പാക്ക് ടീമിന് വീട്ടിലേക്ക് പോവാന്‍ വഹന സൗകര്യം ഒരുക്കിയിരുന്നു എന്നാണ് പിസിബിയുടെ പ്രതികരണം

ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് പാക് ടീം ലോകകപ്പില്‍ കാഴ്ച്ചവെച്ചത്. കളിച്ച ഏഴിലും അവര്‍ തോറ്റു. ടീമിന്റെ മോശം പ്രകടനം ടീമില്‍ വന്‍ അഴിച്ചു പണിയ്ക്കു വഴിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന മിറിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സാബിഹ് അസ്ഹറിന്റെ പരിശീലക സ്ഥാനവും തെറിക്കുമെന്നുറപ്പാണ്. ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ ടീമിന്റെ പ്രകടനത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Image result for pak women cricket team

വനിതാ ക്രിക്കറ്റ് ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങിയ പുതിയ സാഹചര്യത്തില്‍ ടീമിനെ അപമാനിച്ചതില്‍ പലരും അമര്‍ശം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. കോഴവിവാദങ്ങളും തീവ്രവാദവും ബോര്‍ഡിലെ കെടുകാര്യസ്ഥതയും പാകിസ്ഥാനിലെ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തിലൂടെ പുരുഷടീം തിരിച്ചു വരവിന്റെ പാതിയിലേക്ക് കയറിയപ്പോള്‍ ലോകകപ്പ് നേടിയ പ്രതീതിയായിരുന്നു പാകിസ്ഥാനിലെ തെരുവുകളില്‍. സര്‍ഫ്രാസിനും സംഘത്തിനും രാജകീയമായ സ്വീകരണമാണ് അന്ന് ആരാധകര്‍ നല്‍കിയത്. എന്നാല്‍ പാകിസ്ഥാന്‍ വനിതാ ടീമിന്റെ അവസ്ഥ ദയനീയമെന്നേ വിശേഷിപ്പിക്കാന്‍ പറ്റു. ഒരു കാലത്ത് കളിമികവില്‍ ഇന്ത്യയേക്കാള്‍ വലിയ ക്രിക്കറ്റ് രാജ്യമായിരുന്ന പാകിസ്ഥാന്‍ ഇന്ന് പോയ കാലത്തിന്റെ നിഴല്‍ മാത്രമാണെന്നതാണ് വാസ്തവം.