ഇസ്്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. മസ്തംഗ് നഗരത്തിലെ ആക്രമണത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നതുകൊണ്ട് മരണസംഖ്യ കൂടിയേക്കും.

ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പുതുതായി രൂപീകരിച്ച ബലൂചിസ്താന്‍ അവാമി പാര്‍ട്ടി(ബി.എ.പി)യുടെ പ്രചാരണ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. ബി.എ.പി നേതാവ് സിറാജ് റെയ്‌സാനി വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കെ ജനക്കൂട്ടത്തിന് മധ്യത്തിലായിരുന്നു സ്‌ഫോടനം.

പ്രവിശ്യ അസംബ്ലിയിലേക്ക് മത്സരിക്കുന്ന റെയ്‌സാനിയും കൊല്ലപ്പെട്ടു. സുരക്ഷാ പാൡച്ചയാണ് ആക്രമണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് റാലിക്ക് യാതൊരു സുരക്ഷയും ഭരണകൂടം ഒരുക്കിയിരുന്നില്ല. റെയ്‌സാനിയുടെ സ്വകാര്യ അംഗരക്ഷകര്‍ മാത്രമായിരുന്നു വേദിക്ക് സമീപമുണ്ടായിരുന്നതെന്ന് ബന്‍ഗുല്‍ ഖാന്‍ എന്ന ബി.എ.പി നേതാവ് പറഞ്ഞു. അമ്മാവന്റെ നിര്‍ബന്ധപ്രകാരം റാലിക്ക് വന്നതായിരുന്നു ഇസ്‌റാറുല്ല എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍. സുരക്ഷാ സന്നാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിശോധനിയില്ലാതെ ജനങ്ങള്‍ യഥേഷ്ടം വരുകയും പോകുകയും ചെയ്തു. സ്‌ഫോടനത്തില്‍ അമ്മാവന്‍ കൊല്ലപ്പെട്ടതായും അയാള്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബലൂചിസ്താന്‍ ഭരണകൂടം അറിയിച്ചു.

ബി.എ.പി പ്രചാരണ പരിപാടികള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രവിശ്യ ഭരണകൂടം രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താനിലെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയിലും ആക്രമണമുണ്ടായിരുന്നു. നാല് പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.