ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയുടെ യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ എയർലൈൻസുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ഇതിനുപകരമായി ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാനമായ വിലക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ ബന്ധം കൂടുതൽ വിഷമിച്ചത്. ഏപ്രിൽ 24നാണ് പാകിസ്താൻ ആദ്യം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു വിലക്ക്. തുടർന്ന് ഏപ്രിൽ 30ന് ഇന്ത്യയും പാക് വിമാനങ്ങൾക്ക് തിരിച്ചടി ആയി വ്യോമാതിർത്തി അടച്ചുപൂട്ടി.