മുള്‍ട്ടാന്‍: പാകിസ്ഥാന്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക്കിന് രാജ്യത്ത് ഏര്‍പെടുത്തിയ നിരോധനം നീക്കി. പാകിസ്ഥാന്‍ മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്. എന്നാല്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി രാജ്യത്ത് ടിക്ടോക്കിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. ടിക്ടോക്കിലെ നീചവും അധാര്‍മികവുമായ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.

ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ടിക്ടോക്കിനോട് നീക്കാന്‍ മീഡിയ റെഗുലേറ്ററി ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഫെയ്‌സ്ബുക്കും വാട്‌സാപ്പും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പാണ് ടിക്ടോക്ക്. അടുത്തിടെ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.