News

ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്റെ ഉപാധികള്‍; ഐസിസിക്ക് മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍

By webdesk17

February 09, 2026

ലാഹോര്‍: ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, ഐസിസിക്ക് മുന്നില്‍ മൂന്ന് ഉപാധികളുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് ഇന്ത്യക്കെതിരെ കളിക്കാന്‍ തയ്യാറാണെന്ന് പിസിബി വ്യക്തമാക്കി.

ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഐസിസി പ്രതിനിധികളായ ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവരുമായി ലാഹോറില്‍ നടന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ പുതിയ ഉപാധികള്‍ മുന്നോട്ടുവെച്ചത്.

ഐസിസിയുടെ വാര്‍ഷിക വരുമാന വിഹിതത്തില്‍ പാകിസ്ഥാന് ലഭിക്കുന്ന തുകയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകണം. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വിഹിതം ലഭിക്കുന്നുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഐസിസി ഇടപെടണം. 2012-ന് ശേഷം ഇരുരാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഒരുമിച്ച് കളിക്കുന്നത്.

ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കേണ്ടിയിരുന്ന പങ്കാളിത്ത ഫീസ് ഉറപ്പാക്കുകയും അവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയും വേണമെന്നും പിസിബി ആവശ്യപ്പെടുന്നു.

എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ബംഗ്ലാദേശിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനല്‍കിയതായാണ് വിവരം.