പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുനാ(14)ണ് ജീവനൊടുക്കിയത്. സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ കുടുംബം പരാതി നല്‍കി.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അര്‍ജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.