kerala

പാലക്കാട് ഇന്ന് സര്‍വ്വകക്ഷി യോഗം

By Test User

April 18, 2022

പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞെങ്കിലും രാത്രിയോടെ പങ്കെടുക്കുമെന്ന് അറിയിച്ചു.

ജില്ലയില്‍ നടന്ന ഇരട്ടക്കൊലപാതകം പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങള്‍. എസ്.പിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്തുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ചിലര്‍ നിരീക്ഷണത്തിലും. ചിലര്‍ കസ്റ്റഡിയിലുമുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനിവാസന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ഇന്നലെ രാവിലെയാണ് ശ്രീനിവാസന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് 12.30 ഓടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിലാപയാത്രയായാണ് മേലാമുറിയിലെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് കണ്ണകിയമ്മന്‍ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് കറുകോടി ശ്മശാനത്തില്‍ സംസ്‌കരിച്ചത്. ശ്രീനിവാസന്റെ കൊലയാളികള്‍ എത്തിയ സ്‌കൂട്ടര്‍ ഒരു സ്ത്രീയുടെ പേരിലുള്ളതാണ്. എന്നാല്‍ ആര്‍.സി മാത്രമാണ് തന്റെ പേരിലുള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്ത്രീ നല്‍കിയ മൊഴി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എ്‌സ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍.