kerala

നിപ ബാധിച്ച് മരിച്ചയാള്‍ രോഗലക്ഷണങ്ങള്‍ കണ്ട ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ കലക്ടര്‍

By webdesk17

July 14, 2025

നിപ ബാധിച്ച് മരിച്ച കുമരംപത്തൂര്‍ സ്വദേശി രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. രണ്ടുപേരെ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാം തീയതി ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മരിച്ചയാള്‍ സ്വകാര്യ വാഹനത്തിലും ബൈക്കിലുമാണ് യാത്ര ചെയ്തത്. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ് ഇവരെന്നും ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം മരിച്ച 57 കാരന്‍ യാത്രക്ക് ഉപയോഗിച്ചത് കെഎസ്ആര്‍ടിസി ബസിലാണെന്നായിരുന്നെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ മാസം ആറിനാണ് ഇയാള്‍ രോഗലക്ഷങ്ങളോടെ ആദ്യം മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ എത്തുന്നത്. പനി കൂടിയതോടെ മറ്റൊരു ആശുപത്രിയില്‍ കൂടി ചികിത്സ തേടി. ശനിയാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് വൈകീട്ട് തന്നെ രോഗി മരിക്കുകയും ചെയ്തു. രോഗി ആശുപത്രിയിലേക്ക് ഉള്‍പ്പെടെ സഞ്ചരിച്ചത് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു എന്നത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു.

നിലവില്‍ 46 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.