kerala

പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ കാട്ടുതീ; സൈലന്റ് വാലിക്ക് സമീപം തീപിടിച്ചു

By sreenitha

January 23, 2026

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ തീപിടുത്തം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മലയുടെ താഴെ ഭാഗത്ത് നിന്നാണ് തീ ആരംഭിച്ചതെന്നും ശക്തമായ കാറ്റിന്റെ സഹായത്തോടെ മുകളിലേക്ക് ആളിപടരുകയാണെന്നും വിവരം.

നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ വനം വകുപ്പ്, അഗ്‌നിരക്ഷാ സേന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തനെയുള്ള പ്രദേശമായതിനാല്‍ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കായി തീ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് തീപിടുത്തം ഭീഷണിയാകുന്നുണ്ട്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മങ്കട മലയില്‍ ഇതേ രീതിയില്‍ കാട്ടുതീ ഉണ്ടായത് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ വഴി വെള്ളം എത്തിച്ചാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്.