പാലക്കാട് നഗരത്തിലെ ഒരു സ്‌കൂളില്‍ നടന്ന പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകന്‍ എബിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമാന പരാതികളുമായി രംഗത്തെത്തി. വടക്കഞ്ചേരി വടക്കേക്കര സ്വദേശിയായ എബി, നഗരത്തിലെ സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയയ്ക്കുന്ന സമയത്തായിരുന്നു മോശം പെരുമാറ്റമെന്നതാണ് കുട്ടിയുടെ മൊഴി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശിശു സംരക്ഷണ സമിതി സ്‌കൂള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന സ്പെഷ്യല്‍ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം തുറന്നു പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നാല് ദിവസം മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എബി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ എബിക്കെതിരെ കസബ പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ട സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കസബ പൊലീസ് കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.