പാലക്കാട്: കണ്ണാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍ അര്‍ജുന്റെ ആത്മഹത്യ കേസില്‍ അധ്യാപികമാര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അര്‍ജുനെ ഒരുവര്‍ഷം മുമ്പും ക്ലാസ് ടീച്ചര്‍ മര്‍ദിച്ചിരുന്നുവെന്ന് പിതാവ് ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ മര്‍ദനത്തിന്റെ തെളിവുകളും ചിത്രങ്ങളുമായി കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
അധ്യാപിക അര്‍ജുനെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും, വിഷയം ചോദിച്ച് ഫോണ്‍ വിളിച്ചതിന് ശേഷം അവസ്ഥ വഷളായതായും പിതാവ് ആരോപിച്ചു. അര്‍ജുന്റെ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ വോയിസ് ക്ലിപ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്, ഇതില്‍ അധ്യാപികയുടെ സ്വാധീനശ്രമങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ സഹപാഠികളുമായി മെസേജ് അയച്ചതിനാണ് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ അടയ്ക്കുമെന്നും അധ്യാപിക പറഞ്ഞുവെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് ക്ലാസ് അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 14-നാണ് പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളില്‍ സഹപാഠികള്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം, സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ച്, കുട്ടിക്ക് വീട്ടില്‍ നിന്നാണ് സമ്മര്‍ദം ഉണ്ടായിരുന്നതെന്ന് വിശദീകരിച്ചു. കുടുംബം അന്വേഷണത്തിന് വേഗം കൂട്ടണമെന്നും കുറ്റക്കാരെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.