കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
തലശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് ഈ നീക്കം. ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പ് മേധാവിയും ചേര്‍ന്ന് പരോള്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി മൂന്നിന് പരോളിലിറങ്ങിയ പത്മരാജന്‍ ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
ജയില്‍ ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പരോളുകള്‍ നല്‍കാന്‍ അനുവാദമില്ല. മരണാനന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ നല്‍കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, സര്‍ക്കാര്‍ തലത്തില്‍ 5 ദിവസവും മാത്രമേ അധികമായി നല്‍കാനാവൂ.
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഐപിസി 376 AB പ്രകാരം മരണം വരെ തടവിനും, പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവിനുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.