റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന്‍ ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ബാസ്.

 

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വിശ്വാസമനുസരിച്ചും ജറുസലേം ഫലസ്തീനിന്റെ തലസ്ഥാനമാണ്. പക്ഷെ ട്രംപിന്റെ ഒറ്റ ട്വീറ്റ് കൊണ്ട് ജറുസലേം ഫലസ്തീന് നഷ്ടമായി. ഫലസ്തീനികള്‍ അപകടാവസ്ഥയിലാണ് നില്‍ക്കുന്നത്. ജറുസലേമിനേക്കാള്‍ പ്രധാനപ്പെട്ടതായി ഞങ്ങള്‍ക്ക് ഒന്നുമില്ല. മെഹമൂദ് അബ്ബാസ് പറഞ്ഞു. ജറൂസലേമിന് പകരമായി അബുദിസിനെയാണ് പലസ്തീന്റെ തലസ്ഥാനമായി മുന്നോട്ടുവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ അബൂദിസിനെ തലസ്ഥാനമാക്കാന്‍ അമേരിക്ക പലസ്തീനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹമാസ് നേതാവും പലസ്തീന്‍ മുന്‍പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയ്യയും ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.