kerala

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം; തടയാന്‍ ആര്‍ക്കാണ് അധികാരമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

By webdesk17

October 04, 2025

കാസര്‍കോട്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ മൈം അവതരിപ്പിച്ചതിന് പിന്നാലെ അധ്യാപകര്‍ പരിപാടി നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ മൈം അവതരിപ്പിച്ചത്.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്തി അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്

കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.

പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം.

പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.