കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപ്പോര്‍ട്ട്. കലോത്സവത്തിനിടെയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷമാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവര്‍ മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.
റിപ്പോര്‍ട്ടില്‍ പ്രതിഷേധമുണ്ടായത് മൈം നിര്‍ത്തിവച്ചതിനെത്തുടര്‍ന്നെന്നും പറയുന്നു. റിപ്പോര്‍ട്ടിലൂടെ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമമെന്നും ആരോപണമുണ്ട്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്‍ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിര്‍ത്തി വെച്ച അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.