മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കാരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിലേക്ക് കാപ്പിക്കുരു പെറുക്കാന്‍ പോകുന്നതിനിടെ രാധയെ കടുവ ആക്രമിച്ചത്. ശേഷം രാധയെ കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്.
അതേസമയം നരഭോജിയായ കടുവ പഞ്ചാരക്കൊല്ലി മേഖലയില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായും പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയതായും സിസിഎഫ് കെ എസ് ദീപ പറഞ്ഞു.
കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.