അമൃത്​സർ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച്​ പഞ്ചാബ്​ ബിജെപി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായ മാൽവീന്ദർ കാങ്​ രാജിവെച്ചു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് മാല്‍വീന്ദര്‍ കാങ് രാജിവെച്ചത്. കര്‍ഷകര്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

”കർഷകർ, ഇടനിലക്കാർ, ചെറുകിട വ്യാപകാരികൾ, തൊഴിലാളി സംഘടനകൾ എന്നിവർ കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയാണ്​. ബിജെപി സെക്രട്ടറിയെന്ന നിലയിലും കോർ കമ്മറ്റി അംഗമെന്ന നിലയിലും ഞാൻ അവർക്ക്​ പിന്തുണയുമായി ശബ്​ദമുയർത്തിയിട്ടുണ്ട്​. പാർട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട്​ ഞാൻ കർഷകരുടെ പ്രശ്​നങ്ങൾ കേൾക്കാനും ഗുണാത്മകമായ തീരുമാനങ്ങൾ എടുക്കാനും നിർദേശിച്ചിരുന്നു. പക്ഷേ അവർ ചെവികൊണ്ടില്ല. കർഷകർക്ക്​ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കോർകമ്മറ്റി അംഗം, പ്രാഥമിക അംഗത്വം എന്നിവ ഞാൻ രാജിവെക്കുന്നു” – ബിജെപി സംസ്ഥാന നേതൃത്വത്തിന്​ നൽകിയ കത്തിൽ കാങ്​ എഴുതി.

പഞ്ചാബ്​ ബിജെപി പഞ്ചാബികൾക്കുള്ളതല്ല. അവർക്ക്​ സംസ്ഥാനത്തെക്കുറിച്ച്​ ചിന്തയില്ല. എല്ലാവരും മോദി എപ്പോഴും ശരിയെന്ന്​ പറഞ്ഞിരിക്കുകയാണ്​. ഒരു ബിജെപി നേതാവ്​ താൻ പാകിസ്​താൻ ഭാഷ സംസാരിക്കുകയാണെന്ന രീതിയിലും എന്നെ കുറ്റപ്പെടുത്തി – കാങ്​ പിസിസി ന്യൂസിനോട്​ പ്രതികരിച്ചു.

അതേസമയം കാങിന്റെ രാജിയെക്കുറിച്ച്​ അറിയില്ലെന്ന്​ ബിജെപി സംസ്ഥാന പ്രസിഡന്റ്‌
അശ്വനി ശർമ പ്രതികരിച്ചു. ഞാൻ ഈ വാർത്ത പത്രങ്ങളിലൂടെയാണ്​ അറിഞ്ഞത്​. എനിക്ക്​ രാജിക്കത്ത്​ ലഭിക്കുവോളം വിഷയത്തിൽ പ്രതികരിക്കാനല്ലെന്നും ശർമ അറിയിച്ചു.