crime

കഞ്ചാവ് ലഹരിയില്‍ ആശുപത്രിയില്‍ പരാക്രമം; പൊലീസെത്തി യുവാവിനെ കീഴ്‌പ്പെടുത്തി

By webdesk14

September 20, 2023

തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമം. കഞ്ചാവ് ലഹരിയില്‍ ചികിത്സയ്ക്കായെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാവിനെ മരട് നഗരസഭയുടെ ആംബുലന്‍സിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.

ഇയാള്‍ വലിയ തോതില്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ എറണാകുളത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും അക്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.