india

ബജറ്റ് സമ്മേളനം; 2027നുള്ളില്‍ വികസിത ഇന്ത്യയാണ് ലക്ഷ്യം, സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കും പ്രധാനമന്ത്രി

By webdesk18

January 31, 2025

2024-2025 വര്‍ഷത്തെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. 2027നുള്ളില്‍ വികസിത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത്തവണയിലെ ബജറ്റ് പുതിയ ദിശയും ഊര്‍ജവും നല്‍കും, സുപ്രധാനമായ നിരവധി തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നും സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നിരിക്കുകയാണ്. ബജറ്റ് പൊതുജനങ്ങള്‍ക്ക് ഊര്‍ജം നല്‍കും. മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ വേഗത്തില്‍ നയിക്കുന്നതായിരിക്കും ഇത്തവണയിലെ ബജറ്റ്. സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കും’ – പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. പൊതുബജറ്റ് അവതരണം നാളെ നടക്കും.