ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. തിങ്കളാഴ്ച്ചയാണ് ഫലം പുറത്തുവരുന്നത്. ഗുജറാത്തില്‍ ഒരുമാസത്തോളം പ്രചാരണത്തിനുണ്ടായിരുന്ന രാഹുല്‍ഗാന്ധിക്കും സ്വന്തം തട്ടകത്തിലെ വിജയം മോദിക്കും പ്രധാനപ്പെട്ടതാണ്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഡല്‍ഹിയില്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തെ മോദിയുടെ പാക് പരാമര്‍ശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ വലിയ പ്രതിഷേധത്തിനാകും പാര്‍ലമെന്റ് സാക്ഷിയാവുക. മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാന്‍ജെന്ററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരും.