ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ആരുണ്ടാവും. പാര്‍ത്ഥിവ് പട്ടേലോ, വൃദ്ദിമാന്‍ സാഹയോ. ഫോം നോക്കുകയാണെങ്കില്‍ രണ്ടു പേര്‍ക്കും അവസരം കൊടുക്കണം. ഇനി അവസരം കെടുത്താല്‍ തന്നെ ആരെ കളിപ്പിക്കും? ഏതായാലും സെലക്ടര്‍മാര്‍ക്ക് തലവേദനയാവും വിക്കറ്റ് കീപ്പര്‍ സെലക്ഷന്‍. വൃദ്ദിമാന്‍ സാഹക്ക് പരിക്കേറ്റത് മൂലമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാര്‍ത്ഥിവിന് അവസരം കൊടുത്തത്.

അത് പാര്‍ത്ഥിവ് മുതലാക്കുകയും ചെയ്തു. തുടര്‍ന്ന് രഞ്ജിയില്‍ മിന്നും പ്രകടനം പുറത്തെടുത്തു. പാര്‍ത്ഥിവിന്റെ നായക മികവില്‍ ഗുജറാത്ത് രഞ്ജി ട്രോഫി കിരീടവും ചൂടി. ഓസ്‌ട്രേലിയക്കെതിരെ പാര്‍ത്ഥിവ് ടെസ്റ്റില്‍ ഉറപ്പിച്ച സമയം. എന്നാല്‍ പിന്നീട് വന്ന ഇറാനി കപ്പിലാണ് സാഹയുടെ വരവ്. അതും തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയിലൂടെ. 203 റണ്‍സ് നേടിയ സാഹയുടെ ബലത്തിലാണ് ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സാഹയാണ് രണ്ടാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചത്. പുജാരയുമൊത്ത് റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു സാഹ.

മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദിനെ സാക്ഷിയാക്കിയാണ് സാഹ നാല് വാട്ടം ബാറ്റുയര്‍ത്തിയത്. ഇതോടെ വീണ്ടും കണ്‍ഫ്യൂഷനായി. പാര്‍ത്ഥിവിന്റെ സാധ്യത ഒരു പിടി മങ്ങുകയും ചെയ്തു. ന്യൂസിലാന്‍ഡിനെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും വാഹ സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും കോഹ് ലിയുടെ മനസ്സില്‍ സാഹക്കാണ് സ്ഥാനമെന്നറിയുന്നു. സാഹയായിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള ആദ്യ ഓപ്ഷനെന്നാണ് എം.എസ്.കെ പ്രസാദും സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.