crime

സി.പി.എമ്മുകാരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പിടിയില്‍

By webdesk13

May 20, 2023

പെരിങ്ങത്തൂര്‍: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കറി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. മേനപ്രം കടുക്ക ബസാറിലെ മടയന്റവിട ഷറൂണിനെയാണ് (32) ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

പൂക്കോം കുന്നുമ്മക്കണ്ടി ലക്ഷം വീട് കോളനിയിലെ അനീസിനെ (35) ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി 9:30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘടിതമായെത്തിയ പത്തംഗ സംഘം അനീസിനെ മരക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ദേഹമാസകലം പരിക്കേല്‍ക്കുകയും കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു മര്‍ദനത്തില്‍. അനീസ് തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അനീസിന്റെ ഭാര്യ ഫസീനയുടെ പരാതിയില്‍ ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് അംഗം നവാസ് അടക്കം കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കേസെടുത്തിരുന്നു.