kerala

പരുന്തുംപാറ ഭൂമി കൈയേറ്റം; രണ്ട് വില്ലേജുകളില്‍ ഇന്ന് ഡിജിറ്റല്‍ സര്‍വേ

By webdesk17

March 11, 2025

ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വേ വകുപ്പ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കും. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമായിരിക്കും രേഖകള്‍ പരിശോധിക്കുക.

കൈയേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441ലേയും പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534ലേയും രേഖകള്‍ വിശദമായി പരിശോധിക്കും. മേഖലയില്‍ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും.

പരുന്തുംപാറയില്‍ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കൈയേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ല കലക്ടര്‍ പീരുമേട് എല്‍ ആര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. കൈയേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം പുരുന്തുംപാറയില്‍ കൈയേറ്റ നടത്തി കെട്ടിടങ്ങള്‍ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്നാണ് കൈയേറ്റ ഭൂമിയില്‍ ഇയാള്‍ കുരിശ് സ്ഥാപിച്ചത്.