kerala

നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം

By webdesk18

December 13, 2025

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ‘പ്രതികള്‍ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരിടമില്ല. അത് തിരിച്ചറിയുന്നു’ എന്ന കുറിപ്പോടെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

ക്രിമിനലുകള്‍ അപേക്ഷിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്‍വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്‍ന്ന്, ആദ്യം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനിയായിരിക്കും. 2017ല്‍ നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്‍ഷം ആറുമാസം 29 ദിവസം സുനി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനി ഏകദേശം 12 വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി അഞ്ച് വര്‍ഷവും 21 ദിവസവും ഇതിനകം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്‍ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.

ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. തന്റെ പേരില്‍ മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മണികണ്ഠന്‍ ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന്‍ കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും താന്‍ തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്‍ സലിം കോടതിയില്‍ പറഞ്ഞു. കോടതി വിധിയും പാര്‍വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.