Culture

ഗുജറാത്ത് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി ധാരണയിലെത്തിയെന്ന് പി.എ.എ.എസ്

By chandrika

November 19, 2017

അഹമ്മദാബാദ്: പട്ടേല്‍ സംവരണ വിഷയത്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയതായി ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പി.എ.എ.എസ്). സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അഹമ്മദാബാദില്‍ അറിയിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അനിശ്ചിതാവസ്ഥ നീങ്ങുമെന്നാണ് വിലയിരുത്തല്‍. ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ തിങ്കളാഴ്ച്ച രാജ്‌കോട്ടില്‍ നടത്തും.

ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഗുജറാത്തില്‍ പട്ടേല്‍ സംവരണ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന പതീദാര്‍ അനാമത്ത് ആന്തോളനുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഭരണത്തിലെത്തിയാല്‍ നിയമാനുസൃതമായി എങ്ങനെ സംവരണം അനുവദിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് പി.എ.എ.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയതായി പി.എ.എ.എസ് നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം രാജ്‌കോട്ടില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപക്കുമെന്നും ബംബാനിയ അറിയിച്ചു. ധാരണയിലെത്തിയ കാര്യം പിസിസി അധ്യക്ഷ ഭാരത് സിന്‍ഹ് സോളങ്കിയും സ്ഥിരീകരിച്ചു. അതേസമയം ധാരണയിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല. ചര്‍ച്ചകളില്‍ നേതാക്കള്‍ മത്സരിക്കാനായി സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത സോളങ്കി നിഷേധിച്ചു.