kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

By webdesk17

April 30, 2025

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.