kerala

പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി: പൊലീസുകാരെതിരെ കര്‍ശന നടപടി

By webdesk17

September 18, 2025

പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയില്‍ ആഭ്യന്തര വകുപ്പ് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍, ആറന്മുള സിഐ പ്രവീണ്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. കേസിലെ അന്വേഷണത്തില്‍ പൊലീസിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന തരത്തിലാണ് അട്ടിമറി നടന്നതെന്ന് കണ്ടെത്തലാണ് നടപടി ശക്തമാക്കാന്‍ കാരണമായത്.

പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനകം തന്നെ കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തര്‍, സിഐ ശ്രീജിത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ, പത്തനംതിട്ട സിഡബ്ല്യൂസി ചെയര്‍മാനെയും മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേസിന്റെ അന്വേഷണ ചുമതല ചരിത്ര തെരേസ ജോണ്‍ ഐപിഎസിന് ഏല്‍പ്പിച്ചിട്ടുണ്ട്. 16കാരി നേരിട്ട ക്രൂര പീഡനക്കേസില്‍ പ്രതിയായ അഭിഭാഷകന് അനുകൂലമായി കേസ് അട്ടിമറിച്ചതായും, അറസ്റ്റ് ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് ലഭിക്കാന്‍ പൊലീസ് സഹായിച്ചുവെന്നുമാണ് കണ്ടെത്തല്‍.