തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്. മരുന്ന് മാറി നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരാതിയില്‍ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളജില്‍ നടന്നത്.
എന്നാല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഹൃദയാഘാതം മൂലം രോഗി മരണപ്പെട്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. അതേസമയം ശസ്ത്രക്രിയയുടെ അടയാളങ്ങള്‍ ശരീരത്തിലില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.