മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ അക്രമം. മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സക്കായി ആശുപത്രിയിലെത്തിയ 35കാരൻ കത്തിയെടുത്ത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ ഇയാളെ പരിശോധനയിൽ മദ്യത്തിന്റെ അംശം കരളിനെ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ രാത്രി 12ഓടെ മദ്യം ലഭിക്കാതായതോടെ രോഗി അക്രമാസക്തനായി. ഇൻജക്ഷനും മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്കും രോഗി നീങ്ങിയതായി ഡോക്ടർമാർ വ്യക്തമാക്കി.
ഇതിനിടെയാണ് പെട്ടെന്ന് വാർഡിലെ നഴ്സിങ് റൂമിലെത്തിയ രോഗി അവിടെ നിന്നുള്ള കത്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈക്കലാക്കി മറ്റ് രോഗികളെ ആക്രമിക്കാൻ ശ്രമിച്ചത്. ഡോക്ടർമാരും മറ്റ് രോഗികളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. സംഭവസമയത്ത് പ്രായമായവർ ഉൾപ്പെടെ 40ഓളം രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്.
പുലർച്ചെ മൂന്നോടെ അക്രമം കൂടുതൽ രൂക്ഷമായതോടെ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കട്ടിലിൽ ബന്ധിപ്പിച്ച് നിയന്ത്രണവിധേയനാക്കി.
ഇത്തരം അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക മുറികൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക വാർഡ് ഉണ്ടെങ്കിലും അവിടെ മറ്റ് രോഗികളെ കിടത്താൻ പാടില്ല. മാനസികാരോഗ്യ വാർഡിലും മതിയായ സുരക്ഷാസൗകര്യങ്ങൾ ഇല്ല; വാതിലുകളും ജനലുകളും സുരക്ഷിതമല്ലെന്ന പരാതിയും ഉയർന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കാൻ ഇരുമ്പ് വാതിലുകൾ ഉൾപ്പെടെയുള്ള പ്രത്യേക മുറികൾ സജ്ജമാണെന്നും ഇത്തരത്തിലുള്ള സൗകര്യം മഞ്ചേരിയിലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ സൗകര്യം ഒരുക്കുന്നതുവരെ ഇത്തരം രോഗികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ആശുപത്രി ഭരണകൂടത്തിന്റെ ആവശ്യം.