kerala

പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk17

June 12, 2025

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.

പടിയൂര്‍ കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലപാതകത്തിനു ശേഷം രക്ഷപ്പെടുകയായിരുന്നു.

അതേസമയം മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൂടിയാണ് പ്രേംകുമാര്‍. മുന്‍ ഭാര്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അതിന് ശേഷം രേഖയെ വിവാഹം കഴിക്കുകയായിരുന്നു.

ജൂണ്‍ മൂന്നിനാണ് ഇരുവരെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.