നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ, വിചാരണ കഴിയുംമുമ്പു തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സക്കറിയ. ഫേസ്ബുക്ക് കുറിപ്പിലാണ് സക്കറിയ നയം വ്യക്തമാക്കിയത്. ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ കുറ്റപത്രം പോലും നല്‍കാത്ത കേസില്‍ ദിലീപിനെതിരെ കുറ്റവാളി എന്ന മുന്‍വിധിയോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് ശരിയല്ലെന്നും സക്കറിയ പറയുന്നു. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിക്കട്ടെ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയ സുഹൃത്തുക്കളെ,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍- അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്.
യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.