തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ.

ശബരിമലയില്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുകയാണ്. ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വന്നിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബി.ജെ.പിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം പുറത്തുവരുന്നത്.