india

കര്‍ഷക പ്രതിഷേധം; ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍

By webdesk17

January 19, 2025

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ ചര്‍ച്ച നടക്കും. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്.

2024 ഫെബ്രുവരി 13 മുതലാണ് ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക പ്രതിഷേധം ആരെഭിച്ചത്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നല്‍കണമെന്നാണ് കര്‍ഷകര്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്.

എംഎസ്പി ഗ്യാരണ്ടി കൂടാതെ, കര്‍ഷകര്‍ കടം എഴുതിത്തള്ളുക, പെന്‍ഷനുകള്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത്, പോലീസ് കേസുകള്‍ പിന്‍വലിക്കുക, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി എന്നിവയും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കേന്ദ്രം തയ്യാറായിട്ടുള്ളത്. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതോടെ കര്‍ഷകര്‍ ഖനൗരി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറാവുന്നതിന് കര്‍ഷക നേതാക്കള്‍ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരിന്നു.