kerala

കാല്‍നട യാത്രക്കാരനെ ബസ് ഇടിച്ചു; ഭയന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

By webdesk13

November 12, 2023

കാല്‍നടയാത്രക്കാരനെ ഇടിച്ചതിനു പിറകെ നാട്ടുകാരെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15 ഓടെ തലശേരി പുന്നോല്‍ പെട്ടിപ്പാലത്താണ് സംഭവം. വടകര – തലശ്ശേരി റൂട്ടില്‍ ഓടുന്ന ഭഗവതി ബസ് ഇടിച്ചാണ് കാല്‍നടയാത്രക്കാരന് പരിക്കേറ്റത്.

വടകരയില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്തുവച്ച് റോഡില്‍കൂടി നടന്നുപോകുകയായിരുന്ന മുനീര്‍ എന്നയാളെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടിയ ജീജിത്തിനെ, സമീപത്തെ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ജീജിത്ത് മരണപ്പെട്ടിരുന്നു. ജീജിത്തിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരുക്കേറ്റ മുനീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.