kerala

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: ‘അതിക്രമത്തിന് കാരണം മുൻ വൈരാഗ്യം, കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി’; ഹോട്ടലുടമ ഔസേപ്പ്

By webdesk14

September 07, 2025

തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. പരാതിക്കാരന്‍ ദിനേശിന് പണം നല്‍കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടല്‍ ഉടമ ഔസേപ്പ് നല്‍കുന്ന പണത്തില്‍ മൂന്ന് ലക്ഷം രൂപ പൊലീസുകാര്‍ക്കുള്ളതാണെന്നാണ് എസ്‌ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടില്‍ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നല്‍കിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മാന്യമായ പെരുമാറ്റം എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് പറഞ്ഞു.

പണം നല്‍കിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളില്‍ എഫ്ഐആര്‍ പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്.