crime

‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

By webdesk14

August 08, 2025

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.