റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് പരമപ്രധാനമാണെല്ലോ. ഈ മാസം വന്നു ചേരുന്നതിന് മുന്‍പേ ആത്മീയമായും മാനസികമാ യും ശുദ്ധി വരുത്തി പുണ്യങ്ങള്‍ നേടാന്‍ കാത്തിരിക്കുകയാവും ഓരോ വിശ്വാസിയും. താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് അപസ്മാരം പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ദിവസേന മരുന്നുകള്‍ കഴിക്കുന്നവരും. റമസാന്‍ മാസം വരുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഡോക്ടറെ കാണുകയും നോമ്പ് അനുഷ്ഠിക്കാന്‍ തന്റെ ആരോഗ്യം പ്രാപ്തമാണോ എന്ന് ഉറപ്പിക്കേണ്ടതുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചാല്‍ ആത്മീയമായ ചൈതന്യം നേടുന്നതോടൊപ്പം ആരോഗ്യകരമായ റമസാന്‍ മാസം ഓരോരുത്തര്‍ക്കും ആസ്വദിക്കാം.
മരുന്നുകളുടെ ക്രമീകരണം: മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്ന സമയം അത്താഴത്തിലേക്കും (suhoor)നോമ്പ് തുറക്കുന്ന സമയത്തേക്കും (iftar) മാറ്റുക. ശരീരത്തില്‍ കൂടുതല്‍ നേരം മരുന്നിന്റെ അളവ് നിലനിര്‍ത്തുന്ന ‘sustained release’ മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുക. ഉറക്കം നിര്‍ബന്ധം: ഉറക്കക്കുറവ് അപസ്മാരം വരാനുള്ള പ്രധാന കാരണമാണ്. രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉറക്കം കുറയ്ക്കുന്നത് ഒഴിവാക്കുക. രാത്രി ലഭിക്കാത്ത ഉറക്കം പകല്‍ സമയത്ത് ഉറങ്ങി തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക.ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ ജലാംശം കുറയുന്നത് (Dehydration) മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതിനാല്‍ നോമ്പ് തുറന്ന ശേഷം അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് 2-2.5 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണക്രമം: രക്തത്തിലെ പഞ്ചസാര യുടെ അളവ് പെട്ടെന്ന് കുറയുന്നത് Hypoglycemia) അപസ്മാരത്തിന് കാരണമായേക്കാം. അത്താഴത്തിന് സാവധാനം ഊര്‍ജ്ജം നല്‍കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (ഓട്സ്, തവിട് അടങ്ങിയ അരി തുടങ്ങിയവ) ഉള്‍പ്പെടുത്തുക. ഇഫ്താര്‍ സമയത്ത് അമിതമായി മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുക: കണ്ണ് ഇരുണ്ടുപോവുകയോ, അസാധാരണമായ ഗന്ധമോ കാഴ്ചകളോ അനുഭവപ്പെടുകയോ). കഠിനമായ തലകറ ക്കം ഉണ്ടാവുകയോ ചെയ്താല്‍ നോമ്പ് തുടരുന്നത് അപകടകരമാണ്. ഉടന്‍ തന്നെ മധുരമുള്ള പാനിയങ്ങള്‍ കുടിക്കുകയും വിശ്രമിക്കുകയും വേണം.
വ്രതം ഒഴിവാക്കേണ്ട സാഹചര്യം: അടുത്തിടെ അപസ്മാരം ഉണ്ടായവരും, ഒന്നിലധികം മരുന്നുകള്‍ കഴിച്ചിട്ടും രോഗം നിയന്ത്രണവിധേയമല്ലാത്തവരും വ്രതം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. സ്വന്തം ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം മാത്രം നോമ്പ് അനുഷ്ഠിക്കുക.
മാനസികാരോഗ്യം: വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അത് അസുഖം കൂടാന്‍ കാരണമാകും. രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് മാനസികമായി ശാന്തത പാലിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ഈ സമയത്ത് വളരെ വലുതാണ്. എല്ലാവര്‍ക്കും ആരോഗ്യത്തോടെയുള്ള നല്ലൊരു റമസാന്‍ മാസം ആശംസിക്കുന്നു.