ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പ്പുതം അമ്മാള്‍ നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
നേരത്തെ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി തടഞ്ഞിരുന്നു. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തതിനു പിന്നാലെയാണ് ഏഴു പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. 1991 മേയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനുവരി 28ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് വിചാരണാ കോടതി വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജയകുമാര്‍, റോബട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 19 പേരെ വിട്ടയച്ചു. 2000 ഏപ്രില്‍ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്നാട് ഗവര്‍ണര്‍ ഇളവു ചെയ്തു. 2011 ഓഗസ്റ്റ് 11ന് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. പിന്നീടു നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 2014 ഫെബ്രുവരി 18ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നാല്‍പ്പത്തിയാറുകാരനായ പേരറിവാളന്.
Be the first to write a comment.