india

പെരിയാര്‍ ഫോര്‍ ഫലസ്തീന്‍; ഫലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യവുമായി ചെന്നൈയില്‍ ബഹുജന റാലി

By webdesk17

September 20, 2025

ചെന്നൈ: ഫലസ്തീനിലെ ഇസ്രാഈല്‍ ആക്രമണങ്ങളെതിരെ പെരിയാര്‍ ഫോളോവേഴ്സ് ഫെഡറേഷന്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച ചെന്നൈയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക-മത സംഘടനകള്‍ റാലിയില്‍ പങ്കെടുത്തു. ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ തന്ത്രജ്ഞര്‍, നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നടന്മാര്‍, സംവിധായകര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിസികെ എംപി തോല്‍ തിരുമാവളവന്‍, പെരിയാറിന്റെ രാഷ്ട്രീയമനോഭാവം അനീതിക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുന്നതാണെന്ന് പറഞ്ഞു. നടന്‍ സത്യരാജ് മനുഷ്യാവകാശ സംരക്ഷണത്തിനും വിമോചനത്തിനും വേണ്ടി കലാകാരന്മാര്‍ പ്രതികരിക്കേണ്ട ബാധ്യതയെ ഊന്നിപ്പറഞ്ഞു.

പെരിയാര്‍, അംബേദ്കര്‍, മാര്‍ക്‌സ് എന്നിവരുടെ രാഷ്ട്രീയ അടിത്തറയില്‍ സ്ഥാപിതമായ പെരിയാര്‍ ഫോളോവേഴ്സ് ഫെഡറേഷന്റെ കീഴിലാണ് ഫലസ്തീന്‍ അനുകൂല റാലി സംഘടിപ്പിച്ചതെന്ന് സംഘാടകരില്‍ ഒരാളായ തിരുമുരുകാന്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി സംസാരിക്കുന്ന ഈ കൂട്ടായ്മ 2018 മുതല്‍ വ്യത്യസ്ത അവകാശ പോരാട്ടങ്ങള്‍ നടത്തി വരുകയാണെന്നും അദേഹം പറഞ്ഞു.

‘മനുഷ്യത്വത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഒത്തുചേരലാണിത്. ഇത്തരമൊരു യോഗത്തിന്റെ ആവശ്യകത എന്താണെന്ന് ചിലര്‍ ചോദിക്കുന്നു, അനീതിക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയമാണെങ്കില്‍ ഇത് രാഷ്ട്രീയമാണ്, ഞങ്ങള്‍ അതിന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും.’ ചടങ്ങില്‍ സംസാരിച്ച നടന്‍ പ്രകാശ് രാജ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഫലസ്തീന്‍ കവികളായ മഹ്‌മൂദ് ദര്‍വിശിന്റെയും മര്‍വാന്‍ മഖൂലിന്റെയും കവിതകള്‍ ചൊല്ലി:

‘യുദ്ധങ്ങള്‍ അവസാനിക്കും നേതാക്കള്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ എവിടെയോ ഒരു വൃദ്ധയായ അമ്മ തന്റെ മകന് വേണ്ടി കാത്തിരിക്കും, ഒരു ഭാര്യ ഭര്‍ത്താവിനെ കാത്തിരിക്കും, കുട്ടികള്‍ അവരുടെ പിതാവിനെ കാത്തിരിക്കും. അതാണ് സത്യം. ആരാണ് ഈ ഭൂമി ഉപേക്ഷിച്ചതെന്ന് നമുക്കറിയില്ലായിരിക്കാം, പക്ഷേ ആരാണ് അതിന് വില നല്‍കിയതെന്ന് നമുക്കറിയാം.’ (മഹ്‌മൂദ് ദര്‍വിശ്)

‘എന്റെ കവിതകള്‍ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാകണമെങ്കില്‍,

ഞാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കണം.

പക്ഷേ, പക്ഷികളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍,

ആദ്യം യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍ നിശബ്ദമാക്കണം.’

(മര്‍വാന്‍ മഖൂല്‍)

ഫലസ്തീനിലെ അനീതികളും കൊലപാതകങ്ങളും വിശദീകരിച്ചുകൊണ്ട് സംവിധായകന്‍ വെട്രിമാരന്‍, സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുകയാണെന്നും, ഒലിവ് മരങ്ങള്‍ നശിപ്പിക്കപ്പെടുകയാണെന്നും, കുട്ടികള്‍ പോഷകാഹാരക്കുറവില്‍ മരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. റാലി, ഫെഡറേഷന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ജനം ഒരുമിക്കാന്‍ പ്രേരണയായി.