kerala

ഏലയ്ക്കയില്‍ കീടനാശിനി: ശബരിമലയില്‍ അരവണ പായസവിതരണം തടഞ്ഞ് ഹൈക്കോടതി

By webdesk13

January 11, 2023

കൊച്ചി: ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ പായസത്തിനായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിയാണ് കീടനാശിനി സാന്നിധ്യം ഹൈക്കോടതിയില്‍ അറിയിച്ചത്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്.

അരവണയുടെ സാംപിള്‍ പരിശോധിക്കണമെന്നും സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.തീര്‍ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്ന് നിലപാടെടുത്തു.