കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്ന എ.കെ ശശീന്ദ്രന് പുതിയ കുരുക്ക്. ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതാണ് തിരിച്ചടിയായത്.

നേരത്തെ സി.ജി.എം കോടതിയില്‍ ശശീന്ദ്രനെതിരെ നടന്ന കേസില്‍ കക്ഷി ചേര്‍ന്നിരുന്ന തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക പരാതി പിന്‍വലിച്ചത് ഭീഷണി മൂലമാണെന്നും ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന് തിങ്കളാഴ്ചയാണ് എന്‍.സി.പി ദേശീയ നേതൃത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് ടി.പി പീതാംബരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതേതുടര്‍ന്നാണ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ദിവസത്തില്‍ തന്നെ ശശീന്ദ്രനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.